27 June 2012


മലയാളം ഫൌണ്ടേഷന്‍ 2011 -ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു 
സമഗ്രസംഭാവനക്ക് നാണപ്പന്‍ മഞ്ഞപ്രക്കും ഗിരിജാവല്ലനും  പുരസ്കാരങ്ങള്‍  

 മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ഫൌണ്ടേഷന്‍ 2011-ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 
പൊതുപ്രവര്‍ത്തനം, സംഘടനാപ്രവര്‍ത്തനം, ചെറുകഥ  എന്നീ രംഗങ്ങളിലെ സമഗ്രസംഭാവനക്ക്  ഗിരിജാവല്ലഭനും  കവിത  കലാസാഹിത്യനാടക മാധ്യമ  രംഗങ്ങളിലെ സമഗ്രസംഭാവനക്ക്  നാണപ്പന്‍ മഞ്ഞപ്രക്കുമാണ് പുരസ്കാരങ്ങള്‍.  പത്രപ്രവര്‍ത്തനത്തിന്നു  കാട്ടൂര്‍ മുരളിക്കും, പുസ്തകപ്രസാധനത്തിന്നു മുണ്ടൂര്‍ രാജനും, ചെറിയ  പ്രസിദ്ധീകരണം വഴിയുള്ള  മാധ്യമപ്രവര്തനത്തിനു നവകം പത്രാധിപര്‍ സി.എസ്.  പണിക്കര്‍ക്കുമാണ്  പുരസ്കാരങ്ങള്‍. പ്രശസ്തിപത്രവും ഫലകവും  അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. എന്‍. രാജശേഖരന്‍നായര്‍ അധ്യക്ഷനും  ഡോക്ടര്‍ ജോസഫ്‌ മാത്യു, മലയാളഭൂമി ശശിധരന്‍നായര്‍   എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. 

കവി, ഗാനരചയിതാവ്, നടന്‍, നാടകപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, പംക്തിഎഴുത്തുകാരന്‍,    സംഘാടകന്‍, സഹൃദയന്‍ എന്നീ നിലകളില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലം മുംബൈയുടെ   കലാസാംസ്കാരികരംഗത്തു നിറസാന്നിദ്ധ്യമായ നാണപ്പന്‍ മഞ്ഞപ്ര ഗ്രാമരത്നം, മലയാളഭൂമി, അക്ഷയപ്രപഞ്ചം, മറുനാട് എക്സ്പ്രസ്സ്‌ എന്നിവയില്‍ സഹപത്രാധിപര്‍, മുഖ്യപത്രാധിപര്‍ എന്നീ നിലകളില്‍ ജോലിചെയ്തിട്ടുണ്ട്. ഇപ്പോള്‍  വൈറ്റ് ലൈന്‍   വാര്‍ത്ത‍യില്‍  സഹപത്രാധിപരായി  ജോലിചെയ്യുന്നു.  കൈരളി ടിവിയില്‍ എല്ലാ ഞായറാഴ്ചയും  സംപ്രേക്ഷണം ചെയ്യുന്ന  അംചി മുംബൈ  എന്ന പരിപാടിയുടെ ശീര്‍ഷകഗാനം രചിച്ചിരിക്കുന്നത് നാണപ്പന്‍ മഞ്ഞപ്രയാണ്.  
   
ഗിരിജാവല്ലഭന്‍ സാഹിത്യരംഗത്തിനു പുറമേ  പൊതുരംഗത്തും സംഘടനാരംഗത്തും മികവു തെളിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ മുതിര്‍ന്ന അനിഷേദ്ധ്യനേതാവായി   നാലു പതിറ്റാണ്ടിലേറെക്കാലമായി  പ്ര വര്‍ത്തിച്ചു വരികയാണ്‌. ഇന്ത്യന്‍  സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി  ധര്‍ണയ്ക്ക് നേതൃത്വം  നല്‍കി ഇന്ത്യയില്‍  ആദ്യമായി സിവില്‍  അക്കൗണ്ട്‌സ്   ജീവനക്കാര്‍ക്കായി ഗിരിജാവല്ലഭന്‍ സംഘടന  സ്ഥാപിച്ചു.  കഥാകൃത്ത്‌, നോവലിസ്റ്റ്‌, കോളംഎഴുത്തുകാരന്‍, സംഘാടകന്‍, തൊഴിലാളി  നേതാവ്  എന്നീ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഗിരിജാവല്ല നു പൊതുപ്രവര്‍ത്തനം, സംഘടനാപ്രവര്‍ത്തനം  സാഹിത്യം എന്നീ മേഖലകളിലെ   മികവിന്നാണ്      സമഗ്രസംഭാവക്കുള്ള പുരസ്‌കാരം   നല്‍കുന്നത്. ഒരു നോവലും  ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും അനവധി ലേഖനങ്ങളും മലയാളത്തില്‍ ഇരുന്നൂറിലധികം കഥകളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.      അഖിലേന്ത്യതലത്തില്‍ ബ്രാഞ്ച്  സെക്രട്ടറി, ജോയിന്റ്   സെക്രട്ടറി  ജനറല്‍, അഡിഷനല്‍  സെക്രട്ടറി ജനറല്‍, പ്രസിഡന്റ്‌  എന്നീ നിലകളില്‍ മൂന്നു  പതിറ്റാണ്ടിലേറെക്കാലം കേന്ദ്ര ജീവനക്കാരുടെ വിവിധ സംഘടനകളില്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ്  എമ്പ്ലോയീസിനടെ പ്രവര്‍ത്തനങ്ങളുടെ സംഘാടകനും പ്രവര്‍ത്തകനുമായി   ഒരു വ്യാഴവട്ടക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.  

മുംബൈയില്‍ ജനിച്ചു മലയാളം പഠിച്ചു മറുനാട്ടിലെ  മലയാള പത്രപ്രവര്‍ത്തന രംഗത്ത് സജീവമായും വിജയകരമായും പ്രവര്‍ത്തിക്കുന്ന  ഏക മലയാളിയാണ്  കാട്ടൂര്‍ മുരളി.  മുംബൈ മഹാനഗരിയുടെ മുക്കും മൂലയും രഹസ്യങ്ങളും അധോലോകബന്ധങ്ങളും  പരിചയസമ്പന്നനായ ഈ പത്രപ്രവര്‍തകന്നു നന്നായി അറിയാം. മലയാളവും ഇംഗ്ലീഷും  മറാഠിയും ഹിന്ദിയും അറിയാവുന്ന ഇദ്ദേഹം ഹാജി മസ്താന്‍, ബോംബെ രവി  തുടങ്ങി പലരേയും അഭിമുഖം നടത്തിയിട്ടുണ്ട് .   

മറുനാട്ടില്‍  പുസ്തകപ്രസാധനം നടത്തി വിജയിച്ച എഴുത്തുകാരനല്ലാത്ത   ഏക മലയാളിയാണ്    മുണ്ടൂര്‍ രാജന്‍.    മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന   മുണ്ടൂര്‍ രാജന്ടെ  പാമ്പുങ്ങല്‍ പബ്ലിഷിംഗ്   ണ്‍പതിലേറെ  മലയാളപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ പലതും ശ്രദ്ധേയങ്ങളും ചിലത്   പുരസ്കാരങ്ങള്‍ നേടിയവയുമാണ്.  മുണ്ടൂര്‍ രാജന്‍  പ്രസാധനരംഗത്തെ വേറിട്ട വ്യക്തിയും ഒറ്റയാള്‍ പട്ടാളവുമാണ്.   

നവകം പത്രാധിപര്‍ സി.എസ്. പണിക്കര്‍ ചെറിയ പ്രസിദ്ധീകരണം വഴി  മാധ്യമപ്രവര്‍ത്തനം നിര്‍വഹിക്കുന്ന  വ്യത്യസ്തനായ വ്യക്തിയാണ്. വെല്ലുവിളികളേയും പ്രയാസങ്ങളേയും  അതിജീവിച്ചു  കഴിഞ്ഞ 22 വര്‍ഷമായി മുടങ്ങാതെ അദ്ദേഹം നവകം മാസിക മലപ്പുറത്തെ അയങ്കലത്ത്  നിന്ന് പ്രസിദ്ധീകരിച്ചു വരുന്നു. 

നേരത്തെ പ്രഖ്യാപിച്ച   സിനിമക്കുള്ള പുരസ്കാരം നേടിയത് അരവിന്ദന്‍ നെല്ലുവായിയാണ്. ഇന്നലയെതേടി എന്ന കുട്ടികളുടെ സിനിമയിലൂടെ അരവിന്ദന്‍ നെല്ലുവായി  സ്വതന്ത്ര സംവിധായകനായി മാറി.  കന്നിച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ നേടിയ  അരവിന്ദന്‍   സിനിമാരംഗത്ത്‌ പത്തു വര്‍ഷത്തിലേറെയായി  പ്രവര്‍ത്തിക്കുന്നു. 

വേറിട്ട വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടു  പ്രവര്‍ത്തനവിജയം കൈവരിച്ച പ്രഗത്ഭര്‍ക്കാണ് മലയാളം ഫൌണ്ടേഷന്‍ വിവിധ മേഖലകളില്‍ പുരസ്കാരം നല്‍കുന്നതെന്ന്   അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്‍. രാജശേഖരന്‍ നായര്‍  പ്രസ്താവിച്ചു.    ഓഗസ്റ്റ്‌ 19 -നു തൃശൂരെ സാഹിത്യഅക്കാദമി ഹാളില്‍ വെച്ച്  നടക്കുന്ന സാംസ്കാരികസമ്മേളനത്തില്‍ പ്രൌഡഗംഭീരമായ  സദസ്സിനെ സാക്ഷിനിറുത്തി  ജേതാക്കള്‍ക്ക്  പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുന്നതാണ്. 

No comments:

Post a Comment