29 September 2012


കോട്ടോറാന്‍ പോക്കര്‍  എന്ന  വഴിവാണിഭക്കാരുടെ രക്ഷകന്‍  
മലയാളഭൂമി ശശിധരന്‍നായര്‍ 

ഈയടുത്ത കാലം വരെയും  മുംബൈയിലെ വഴിയോര കച്ചവടക്കാരില്‍ ഭൂരിപക്ഷവും മലയാളികളായിരുന്നു. എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും   വഴിവാണിഭക്കാരുടെ ഇടയില്‍ ഇന്നും മലയാളികള്‍ക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്.   അക്ഷരാര്‍ത്ഥത്തില്‍ വഴിവാണിഭക്കാരുടെ ദൈവദൂതനായിരുന്നു സെപ്റ്റംബര്‍ 28 -നു നിര്യാതനായ കോട്ടോറാന്‍ പോക്കര്‍.

ഉത്തരമലബാറില്‍ നിന്നുള്ള വിദ്യാഭ്യാസം കുറഞ്ഞ സാധുക്കളും നിര്‍മലമനസ്കരും അദ്ധ്വാനികളും ആയ മുസ്ലീംസഹോദരുടെ കുത്തക തന്നെയായിരുന്നു ഒരുകാലത്ത്  വഴിയോരക്കച്ചവടം. അക്കാലത്ത് മുംബൈ മുന്‍സിപാലിറ്റി ഉദ്യോഗസ്ഥരും   മണ്ണിന്ടെ മക്കള്‍ വാദം   ഉന്നയിക്കുന്ന ശിവസേന തുടങ്ങിയ രാഷ്ട്രീയകഷികളുടെ മറവില്‍ വിലസുന്ന കുട്ടിനേതാക്കളും സില്‍ബന്ധികളും  വഴിയോരക്കച്ചവടക്കാരെ നിരന്തരം സമൃദ്ധമായി ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകകയും ചെയ്തിരുന്നു. 

ആ കാലഘട്ടത്തിലാണ് നാട്ടില്‍ നിന്നെത്തി വഴിവാണിഭക്കാരനായി ജീവിതം തുടങ്ങിയ പോക്കര്‍ .അധികാരികളുടെയും കുട്ടിനേതാക്കളുടെയും ചൂഷണങ്ങളില്‍നിന്ന് വഴിവാണിഭക്കാരെ രക്ഷിക്കാനായി മാര്‍ഗങ്ങള്‍ ആരാഞ്ഞത്. വഴിവാണിഭക്കാരുടെ  ജീവിതത്തിന്ടെ അല്ലലും ആവലാതിയും നേര്‍ക്കാഴ്ചകളും അനുഭവിച്ചറിഞ്ഞ പോക്കര്‍ വളരെ പെട്ടെന്ന് തന്നെ  അവര്‍ക്ക് ആശ്വാസവും അത്താണിയുമായി മാറി. 

മൂന്നരപതിറ്റാണ്ട് മുന്പ്  നന്നേ ചെറുപ്പത്തില്‍  ഫോര്‍ട്ടില്‍ വഴിവാണിഭക്കാരനായി ജീവിതം തുടങ്ങിയ  കോട്ടോറാന്‍ പോക്കര്‍ മറ്റു വഴിവാണിഭക്കാരുടെ പ്രയാസങ്ങളിലും ജീവിതസമസ്യകളിലും സജീവമായി ഇടപെട്ടുകൊണ്ടായിരുന്നു തുടക്കം.  അദ്ദേഹത്തിന്ടെ ആത്മാര്‍ത്ഥതയും  നിസ്വാര്‍ത്ഥസേവനതല്‍പരതയും ചുറുചുറുക്കും ഹൃദ്യമായി സംസാരിക്കാനുള്ള കഴിവും  സഹവഴിവാണിഭക്കാരുടെ   ആദരവും വിശ്വസ്തതയും നേടിയെടുത്തു.  അദ്ദേഹത്തിന്ടെ സുഹൃത്‌വലയം വിപുലമായി. , ഏതുസമയത്തും സമീപിക്കാവുന്ന  സുഹൃത്ത്‌ എന്ന നിലയിലും  എല്ലാവരുടേയും   സഹായി എന്ന നിലയിലും പോക്കര്‍ അറിയപ്പെട്ടു  തുടങ്ങി. അങ്ങിനെ അദ്ദേഹം  സുഹൃത്തുക്കളുടെ പോക്കറിക്കയും, പോക്കര്‍ സാഹിബും  ഒക്കെ ആയി മാറി. 

അധികം പഠിചിട്ടില്ലെങ്കിലും  സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷ്ഭാഷ അനര്‍ഗളമായി സംസാരിക്കാനും  തെറ്റില്ലാതെ കൈകാര്യം ചെയ്യാനും ഉള്ള പ്രാവിണ്യം ഇക്കാലത്ത്  കോട്ടോറാന്‍ പോക്കര്‍ നേടി. തന്മൂലം വഴിവാണിഭക്കാരുടെ എല്ലാ കാര്യത്തിലും ഇടപെടാനും അവരുടെ വക്താവായി മറ്റുള്ളവരോട് സംസാരിക്കാനും പോക്കര്‍ക്ക് അവസരങ്ങള്‍ വന്നു ചെര്‍ന്നുകൊണ്ടിരുന്നു. ക്രമേണ അദ്ദേഹം വഴിവാണിഭക്കാരുടെ അനിഷേദ്ധ്യ നേതാവായി വളര്‍ന്നു.

വഴിവാണിഭക്കാരെ നിയന്ത്രിക്കാനും ഒഴിവാക്കാനുമായി ലക്ഷ്യമിട്ട്  പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ കീഴിലുള്ള ആന്റി ഹാക്കെര്സ് വിഭാഗം വക വണ്ടികള്‍ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു വന്നു വഴിവാണിഭക്കാരുടെ കടകള്‍ തട്ടിമറിച്ചു കയ്യില്‍ കിട്ടിയ വിലകൂടിയതും അല്ലാത്തതുമായ  സാധനങ്ങള്‍ വാരിവലിച്ചു വണ്ടിയിലിട്ടു കൊണ്ടുപോകുക എന്നത് നേരത്തെ പതിവ് പരിപാടിയായിരുന്നു.  ലൈസന്‍സ് ഉള്ളവരേയും ലൈസന്‍സ് ഇല്ലെന്നു പറഞ്ഞു അധികാരികള്‍ പീഡിപ്പിച്ചിരുന്നു. ഈ അവസരത്തിലാണ് വഴിവാണിഭക്കാര്‍ക്ക് ഒരു സംഘടന എന്ന ആശയം കോട്ടോറാന്‍ പോക്കരിന്ടെ  മനസ്സില്‍ ഉദിക്കുന്നത്. അങ്ങിനെ അദ്ദേഹം സഹവഴിവാണിഭക്കാരേയും കൂട്ടി    ബോംബെ  ഹാക്കെര്സ് അസോസിയേഷന്‍   സ്ഥാപിച്ചു. ആരംഭം മുതല്‍  സെപ്റ്റംബര്‍ 28 -നു മരിക്കുന്നത് വരെ അദ്ദേഹം അതിന്ടെ സെക്രട്ടറിയായിരുന്നു. 

അസോസിയേഷന്‍ രൂപികരിച്ചതിനു ശേഷം വഴിവാണിഭത്തോട് സലാം പറഞ്ഞു മുഴുസമയ തൊഴിലാളി നേതാവായി മാറി. ഫോര്‍ട്ട്‌, ഫൌണ്ടന്‍, കൊളാബ, ഫാഷന്‍ സ്ട്രീറ്റ്,ചര്‍ച്ച്ഗേറ്റ്,  കല്‍ബാദേവി,അബ്ദുല്‍ റഹ്മാന്‍ സ്ട്രീറ്റ്,  ഗ്രാന്റ് റോഡ്‌, മുംബൈ സെന്‍ട്രല്‍, എന്നിവിടങ്ങളിലുള്ള 700 -ലേറെ വഴിവാണിഭക്കാര്‍  അംഗങ്ങളായ ശക്തമായ സംഘടനയാണ് ഇപ്പോള്‍ മുംബൈ  ഹാക്കെര്സ് അസോസിയേഷന്‍.

കോട്ടോറാന്‍ പോക്കര്‍  മുംബൈയിലെ  വഴിവാണിഭക്കാരുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയ മനുഷ്യസ്നേഹിയായ തൊഴിലാളി നേതാവാണ്‌. .    ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഭംഗിയായി  ഇംഗ്ലീഷ്  കൈകാര്യം ചെയ്യാനും പറഞ്ഞുകൊടുത്തു കത്തുകളും നിയമവശങ്ങള്‍  വിശദമായി അക്കമിട്ടു നിരത്തി നോട്ടുകളും  തയ്യാറാക്കാനും അദ്ദേഹത്തിനു വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. ഇക്കാര്യം ഞാന്‍ നേരില്‍ കണ്ടിട്ടുള്ളതാണ്.

കോട്ടോറാന്‍ പോക്കര്‍ എന്ന     വഴിവാണിഭത്തൊഴിലാളി  നേതാവിനെ എനിക്ക് പരിചയപ്പെടുത്തി തന്നത് കെ.വി. ശിവദാസന്‍ എന്ന കെ.വി. എസ്. നെല്ലുവായി ആണ്. മലയാളഭൂമിക്ക് അദ്ദേഹം മുഖാന്തിരം ഒരു പരസ്യം കിട്ടുമെന്ന് സഹപത്രാധിപരായ കെ.വി.എസ്. നെല്ലുവായി അറിയിച്ചതു പ്രകാരമാണ് ഞാന്‍ അദ്ദേഹത്തെ നേരില്‍ പോയി കണ്ടത്. ഒരിക്കലേ ഞാന്‍ അദ്ദേഹത്തിന്ടെ  ഫോര്‍ടിലെ ന്യൂ  എക്സല്‍സിയര്‍ സിനിമയുടെ മുന്നിലുള്ള ഒറ്റമുറി ഓഫീസില്‍  പോയിട്ടുള്ളൂ.  സഹായം തേടി ചെല്ലുന്ന വ്യക്തി ആരായാലും, ആഗതന്‍ തന്ടെ  സഹായം തേടിയാണല്ലോ  വന്നിരിക്കുന്നത്  അപ്പോള്‍ തന്ടെ  ജോലിത്തിരക്ക് ഒഴിയുന്നതു വരെ അയാള്‍ കാത്തിരിക്കട്ടെ എന്ന് ചിന്തിച്ചു ചിലര്‍ സ്വയം വലിയവനായി ഭാവിക്കാറുണ്ട്. എന്നാല്‍ തിരക്കിന്നിടയിലും കോട്ടോറാന്‍ പോക്കര്‍ എന്നെ സ്വീകരിച്ചു. പിന്നെ ക്ഷമാപണത്തോടെ, സ്റ്റെനോഗ്രഫര്‍ക്ക്  പറഞ്ഞുകൊടുക്കുന്നത്  മുഴുമിപ്പിച്ചിട്ട് നമുക്ക് സംസാരിക്കാമെന്ന് പറഞ്ഞു.

ഏറിയാല്‍ മൂന്നോ നാലോ മിനിട്ട് എടുത്തു കാണും. പിനീട് അദ്ദേഹം എന്നെ അടുത്തു വിളിച്ചിരുത്തി സംസാരിച്ചു. വളരെ മാന്യവും സ്നേഹമസൃണവുമായ  പെരുമാറ്റം,   ഒറ്റ കാഴ്ചയില്‍ തന്നെ അദ്ദേഹത്തോടും അദ്ദേഹം ചെയ്യുന്ന പ്രവൃത്തിയോടും എനിയ്ക്ക്  മതിപ്പ് തോന്നി. 

വഴിവാണിഭക്കാരുടെ എന്തു കാര്യത്തിനും അവര്‍ എപ്പോഴും സമീപിച്ചിരുന്നത് പോക്കറിനെയായിരുന്നു. അവരുടെ സുഖദു:ഖങ്ങളില്‍ അദ്ദേഹം പങ്കുകൊണ്ടു. അവര്‍ക്ക് സഹായഹസ്തം നീട്ടാന്‍, ആശ്വാസം പകരാന്‍, സാന്ത്വനിപ്പിക്കാന്‍  അദ്ദേഹം സദാ സന്നദ്ധനായിരുന്നു.   അവരില്‍ ഒരാളായ അദ്ദേഹം അതുകൊണ്ട് തന്നെ മറ്റു തൊഴിലാളി നേതാക്കളില്‍ നിന്ന് വ്യത്യസ്തനായിരുന്നു.

എവിടെ വഴിവാണിഭം ചെയ്യാം, എവിടെ വഴിവാണിഭം ചെയ്തുകൂടാ എന്നീ  കാര്യങ്ങളില്‍   മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനെ കൊണ്ടു നിര്‍ണായകമായ തീരുമാനം എടുപ്പിക്കുന്നതിനും അതിനുള്ള അതിര്‍ത്തികള്‍ തിരിക്കുന്നതിനും  കോട്ടോറാന്‍ പോക്കര്‍ വഹിച്ച  പങ്ക്‌ വളരെ വലുതാണ്‌. /  വഴിവാണിഭക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അധികാരികളില്‍ നിന്ന് അവര്‍ക്കെതിരെയുള്ള  ചൂഷണങ്ങള്‍ തടയാനും  അവരുടെ  വ്യക്തിജീവിതങ്ങളെ തൊട്ടറിയാനും അവരില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും  59 വയസ്സില്‍ സെപ്റ്റംബര്‍ 28 -നു നമ്മളെ വിട്ടു പോയ പാനൂര്‍ വള്ളങ്ങാട്ടു കോട്ടോറാന്‍ പോക്കര്‍ എന്ന സാധാരണക്കാരനായ അസാധാരണ വ്യക്തിത്വത്തിന്നുടമയായ മനുഷ്യസ്നേഹിക്കു കഴിഞ്ഞു. ജി.ആര്‍. ഖൈര്‍നാര്‍ മുംബൈ മുനിസിപ്പല്‍ ഡെപ്യൂടി കമ്മിഷണര്‍ ആയിരുന്നപ്പോള്‍ വഴിവാണിഭക്കര്‍ക്കെതിരെ അദ്ദേഹം ശക്തമായ നടപടികള്‍ എടുത്തപ്പോള്‍  വഴിവാണിഭക്കാരുടെ അവകാശസംരക്ഷണത്തിന്നായി  മുന്നണി പോരാളിയായി നിന്ന് കോട്ടോറാന്‍ പോക്കര്‍ ശക്തമായി പോരാടി.  വഴിവാണിഭക്കാരുടെ ആവശ്യങ്ങള്‍ക്ക് നേരെ  കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് അനുകൂലമായ തീരുമാനമെടുക്കാനും ഗുണകരമായ നയസമീപനങ്ങള്‍ കൈക്കൊള്ളാനും വേണ്ടി  നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ മുംബൈ  ഹാക്കെര്സ് അസോസിയേഷനും സര്‍വജനസമ്മതനായ   അതിന്ടെ സെക്രട്ടറി കോട്ടോറാന്‍ പോക്കര്‍ക്കും കഴിഞ്ഞു. 

കുറെ നാള്‍ മുന്‍പ് പക്ഷാഘാതത്താല്‍   ഒരു വശം തളര്‍ന്ന അദ്ദേഹം  ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് നാട്ടിലേക്കു പോയത്. ഭാര്യ ഷമീമ. നാലു മക്കളുണ്ട്.  മകന്‍ ഷംനാസ് മുംബൈയിലാണ് . മറ്റു മക്കള്‍ ജബീര്‍, ജന്‍സീര്‍, റിഷാന. 

നിസ്തുലമായ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വഴിവാണിഭക്കാരുടെയും മാധ്യമങ്ങളുടെയും അധികാരികളുടെയും പ്രശംസക്ക് പാത്രമായ കോട്ടോറാന്‍ പോക്കര്‍ തന്ടെ  കാല്‍പ്പാടുകള്‍ മുംബൈ മഹാനഗരിയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ്   കാലയവനികക്കുള്ളില്‍  മറഞ്ഞിരിക്കുന്നത്.

No comments:

Post a Comment